Kerala
തൃശൂർ: ലഹരിവിമുക്ത കേരളം സാധ്യമാക്കുന്നതിന്റെ ഭാഗമായി ലിക്വർ പെർമിറ്റ് കാർഡ് സംവിധാനം നടപ്പാക്കണമെന്നു മദ്യവിമോചന മഹാസഖ്യം സംസ്ഥാന ജനറൽ കൗണ്സിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
തൃശൂർ സെന്റ് തോമസ് കോളജിൽ ചേർന്ന യോഗത്തിൽ കൊല്ലം ജില്ലാ പ്രസിഡന്റ് എ.കെ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.
ഭരണത്തിലെത്തി 100 ദിവസം കഴിഞ്ഞിട്ടും സർക്കാർ മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. സമഗ്രമായ ജനകീയ നിവേദനം സർക്കാരിന് സമർപ്പിക്കാൻ ഒക്ടോബർ രണ്ടുമുതൽ കാസർഗോഡ് നീലേശ്വരത്തുനിന്നു സെക്രട്ടേറിയറ്റിലേക്കു ലഹരിവിമോചന കേരള രക്ഷാ പദയാത്ര നടത്താനും യോഗം തീരുമാനിച്ചു.
National
ന്യൂഡൽഹി: റോഡ് സുരക്ഷ വർധിപ്പിക്കാനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഭാരത് എൻസിഎപിയുടെ (പുതിയ കാർ വിലയിരുത്തുന്ന പ്രോഗ്രാം) രണ്ടാംഘട്ടം അടുത്ത വർഷം ഒക്ടോബർ മുതൽ നടപ്പിലാക്കിത്തുടങ്ങുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
കാറിന്റെ ക്രാഷ് ടെസ്റ്റുകളടക്കം വിലയിരുത്തി യാത്രക്കാരെ അപകടത്തിൽനിന്നു സംരക്ഷിക്കുന്നതിന് വാഹനങ്ങൾക്കു റേറ്റിംഗ് നൽകുന്ന പദ്ധതി കൂടുതൽ വിപുലീകരിക്കാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്.
പുതിയ ഘട്ടത്തിൽ എൻസിഎപി വാഹനത്തിലിരിക്കുന്ന യാത്രക്കാരുടെ സംരക്ഷണം മാത്രമല്ലാതെ അപകടം ഒഴിവാക്കൽ, കാൽനട സുരക്ഷ, അപകടാനന്തര ഒഴിപ്പിക്കൽ, പരിചരണം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന മുഴുവൻ അപകടശൃംഖലയും പരിശോധിക്കുമെന്ന് എസ്ഐഎഎം വാർഷിക കൺവൻഷനിൽ ഗഡ്കരി പറഞ്ഞു.
National
ന്യൂഡൽഹി: ഒബിസി ക്രീമിലെയർ നിർണയത്തിൽ മാതാപിതാക്കളുടെ ശമ്പളവും വരുമാനവും കണക്കാക്കുന്നതു സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവ് മുൻകാലപ്രാബല്യത്തോടെ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
സാമ്പത്തികമാനദണ്ഡം മാത്രം പരിശോധിക്കരുതെന്നും മാതാപിതാക്കളുടെ തസ്തികയുടെ പദവികൂടി കണക്കിലെടുത്തു വേണം ക്രീമിലെയർ നിശ്ചയിക്കാനെന്നുമായിരുന്നു മാർച്ച് 11ലെ സുപ്രീംകോടതി ഉത്തരവ്.
എന്നാൽ ഈ വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് 2016 മുതലുള്ള 3.7 ലക്ഷത്തിലധികം വരുന്ന ഒബിസി കേന്ദ്രസർക്കാർ നിയമനങ്ങളെയും 18 സംസ്ഥാനങ്ങളിലെ വിവിധ പരീക്ഷകളെയും ഉന്നതവിദ്യാഭ്യാസ പ്രവേശനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.
ബാങ്ക്, റെയിൽവേ, പോസ്റ്റൽ, പാരാമിലിട്ടറി വിഭാഗങ്ങളിൽ ലക്ഷക്കണക്കിന് പുതിയ നിയമപോരാട്ടങ്ങൾക്കും തർക്കങ്ങൾക്കും വഴിവയ്ക്കുമെന്നും കേന്ദ്രസർക്കാർ വാദിക്കുന്നു. അതിനാൽ നിർദിഷ്ട നയരൂപീകരണം ഉണ്ടാകുന്നതുവരെ 2025, 2026 സിവിൽ സർവീസ് പരീക്ഷകൾ പഴയ രീതിയിൽത്തന്നെ തുടരാൻ അനുവദിക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തത വരുത്തണമെന്നുമാണ് കേന്ദ്രത്തിന്റെ ആവശ്യം.
2026 മാർച്ച് ആറിന് സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ച് അഞ്ച് ദിവസത്തിനുശേഷമാണ് ക്രീമിലെയർ നിർണയത്തിൽ സുപ്രീംകോടതിയുടെ നിർണായക വിധി വരുന്നത്.
പുതിയ വിധി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയാൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് പഴയ നിയമങ്ങൾ പിന്തുടർന്ന ഉദ്യോഗാർഥികൾക്ക് തുല്യനീതി നിഷേധിക്കപ്പെടുമെന്നും ഈമാസം അവസാനം മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിൽ ആരംഭിക്കേണ്ട പരിശീലന കോഴ്സുകളെയും ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയെയും ഇതു പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സ്ത്രീകളുടെ സർവമേഖലകളിലുമുള്ള സുരക്ഷയ്ക്കായി സമഗ്രമായ വനിതാനയം നടപ്പിലാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി .
ഒരു പെണ്കുഞ്ഞിന്റെ ജനനം മുതൽ ലഭ്യമാക്കേണ്ട എല്ലാ കാര്യങ്ങൾക്കും ഊന്നൽ നൽകും. കുട്ടികൾ, യുവതികൾ, വീട്ടമ്മമാർ, വയോജനങ്ങൾ എല്ലാവർക്കും പ്രാധാന്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കാനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. പെറ്റമ്മയുടെ മടിയിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. നെടുമങ്ങാട്ട് ഒന്നരവയസുകാരിയുടെ മരണം ഏറെ വേദനിപ്പിച്ചു.
കശുവണ്ടി മേഖലയിലും അസംഘടിത മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ട നടപടികൾ കൈക്കൊള്ളും. സംസ്ഥാനത്തെ തൊഴിലുടമകളെയും തൊഴിലാളികളെയും പരസ്പരം സൗഹൃദ മനോഭാവത്തോടെ ഒപ്പം നിർത്തുക എന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
ചില സ്വകാര്യ സ്ഥാപനങ്ങൾ സ്ത്രീകൾക്ക് നിയമാനുസൃതം ലഭിക്കേണ്ട മെറ്റേണിറ്റി ലീവ് പോലും നിഷേധിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരേ നടപടി കൈക്കൊള്ളും. സ്ത്രീകൾക്കെതിരേ വ്യാപകമായി സൈബർ അറ്റാക്ക് നടക്കുന്നുണ്ട്. ദുർബല മനസുള്ളവർക്ക് ഇതു താങ്ങാനും സഹിക്കാനും സാധിക്കാത്ത അവസ്ഥയാണ്.
റിപ്പോർട്ട് തേടി
തിരുവനന്തപുരം: തൃശൂർ വരവൂരിൽ വിദ്യാർഥിയെ അധ്യാപകൻ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇടപെട്ട് വനിത ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ. അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിക്കു മന്ത്രി നിർദേശം നൽകി.
Kerala
തൃശൂർ: ഗതാഗത സുരക്ഷയിലും പൊതുഗതാഗതരംഗത്തും നിർണായക മാറ്റങ്ങൾ ലക്ഷ്യമിട്ട് വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി സി.പി. ജോണ്.
റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ‘ഗതാഗത സാക്ഷരതാ യജ്ഞം’ ആരംഭിക്കുമെന്ന് തൃശൂർ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ അറിയിച്ച മന്ത്രി, നിയമങ്ങളും കടുത്ത ശിക്ഷാനടപടികളുംകൊണ്ടുമാത്രം ഡ്രൈവിംഗ് സംസ്കാരം മാറ്റാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് എഐ കാമറ പരിശോധനകളും പിഴ ഈടാക്കലും തുടരും. തകരാറിലായ കാമറകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ ചർച്ച നടക്കുകയാണ്. റോഡ് സുരക്ഷ വിദ്യാലയ തലത്തിൽത്തന്നെ എത്തിക്കുന്നതിന്റെ ഭാഗമായി 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി പ്രീലൈസൻസ് ട്രെയിനിംഗ് ഉൾപ്പെടുത്തി പാഠ്യപദ്ധതി തയാറാക്കിവരികയാണ്. പ്ലസ് ടു പരീക്ഷ കഴിയുന്നതോടെ കുട്ടികൾക്കു ലൈസൻസ് സ്വന്തമാക്കാൻ കഴിയുന്ന രീതിയിലാണു പദ്ധതി രൂപകല്പന ചെയ്യുന്നത്.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ 10 മുതൽ 15 മിനിറ്റിനകം ആംബുലൻസ് ലഭ്യമാക്കുന്ന സഹായശൃംഖല ആരോഗ്യവകുപ്പുമായി ചേർന്നു നടപ്പാക്കും.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി വകുപ്പിന്റെ തൊപ്പിയിലെ പൊൻതൂവലാണെന്നു മന്ത്രി വിശേഷിപ്പിച്ചു. അതിന്റെ ക്രെഡിറ്റ് രാഹുൽ ഗാന്ധിക്കാണ്.
പ്രതിമാസം 3.81 കോടി യാത്രകൾ നടക്കുന്ന പദ്ധതിക്കായി ബജറ്റിൽ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിമൂലം സ്വകാര്യ ബസ് ഉടമകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാനും പരിഹരിക്കാനുമായി പ്രത്യേക സമിതി രൂപവത്കരിച്ച് സിറ്റിംഗ് ആരംഭിച്ചുകഴിഞ്ഞു. തൃശൂർ ബസ് സ്റ്റാൻഡിന്റെ നിർമാണതടസങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
District News
ഓച്ചിറ : കുടുംബങ്ങളില് മാതാ പിതാ ഗുരു ദൈവം എന്ന ആപ്തവാക്യം പ്രാവര്ത്തികമാക്കിയാല് സമൂഹത്തില് ഐശ്വര്യവും സമൃദ്ധിയും വിളയാടുമെന്ന് മന്ത്രി എം. ലിജു. ഭാഗവത ആചാര്യന് പള്ളിക്കല് സുനിലിന്റെ അച്ഛനും ‘മലയാള രാജ്യം' പത്ര സ്ഥാപനത്തിലെ മുന് പ്രൂഫ് റീഡറുമായിരുന്ന ഓച്ചിറ മഠത്തില് ഭാസ്കരന് പിള്ളയുടെ 52-ാം ഓര്മ വാര്ഷികവും കുലദേവി പ്രതിഷ്ഠയും അനുബന്ധിച്ച്നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭരണിക്കാവിലെ മുതിര്ന്ന കോണ്ഗ്രസ് നേതാവ് കൊച്ചുതറയില് വാസുദേവന്റെ അധ്യക്ഷതയില്നടന്ന സമ്മേളനത്തില് മിസോറാം മുന് ഗവര്ണര് കുമ്മനം രാജശേഖരന് മുഖ്യാതിഥിയായിരുന്നു.
സമ്മേളനത്തില് എം.എസ്. ഭുവനചന്ദ്രന്, കറ്റാനം ഷാജി, ചേലക്കാട്ട് രാധാകൃഷ്ണന്, ചിറപ്പുറത്ത് മുരളി, ഓച്ചിറ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാജീവ്, സെക്രട്ടറി വിനോദ്, ട്രഷറര് സാഗര് മക്കാട്, വൈസ് പ്രസിഡന്റ് ആര്.ഡി. പത്മകുമാര്, പി.കെ. വിക്രമന്, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ജി.രമേഷ് കുമാര്, മെമ്പര് അഡ്വ.എ.എസ്. ശരത്, കോശി അലക്സ്, ബി. വിശ്വനാഥന്, പ്രഫ. പള്ളിക്കല് വാസുദേവന്, ചേര്ത്തല രാമദാസ് എന്നിവര് പ്രസംഗിച്ചു.
Kerala
ഫോര്ട്ടുകൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്ട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് കെആര്എല്സിസി ജനറല് അസംബ്ലിയുടെ 47-ാം സമ്മേളനം സര്ക്കാരിനോട് ആവശ്യപ്പെട്ടു.
സര്ക്കാരിന്റെ നയപ്രഖ്യാപനത്തിലും ബജറ്റിലും പരാമര്ശങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയില് മുഖ്യമന്ത്രി നല്കിയ ഉറപ്പിന്റെ പശ്ചാത്തലത്തില് റിപ്പോര്ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളുടെ യോഗം വിളിക്കുകയും മുന്ഗണന നിശ്ചയിച്ച് ശിപാര്ശകള് നടപ്പിലാക്കുകയും ചെയ്യണം.
മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സര്ക്കാര് അടിയന്തരമായി സ്വീകരിക്കണമെന്നും കടലവകാശ നിയമം പ്രാബല്യത്തില് വരുത്തുന്നതിന് നടപടികള് വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അസംബ്ലിയില് കേരളത്തിലെ 12 ലത്തീന് കത്തോലിക്കാ രൂപതകളില്നിന്നുള്ള ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന പ്രതിനിധികള് പങ്കെടുത്തു.
പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് സമാപനസന്ദേശം നല്കി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല് സെക്രട്ടറി ഫാ. ജിജു ജോര്ജ് അറക്കത്തറ എന്നിവര് പ്രസംഗിച്ചു. അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോര്ട്ടും ബിജു ജോസി സാമ്പത്തിക റിപ്പോര്ട്ടും പ്രബലദാസ് മുന്യോഗ നടപടിക്രമങ്ങളും അവതരിപ്പിച്ചു. സെക്രട്ടറിമാരായ മെറ്റില്ഡ മൈക്കിള്, പാട്രിക് മൈക്കിള് എന്നിവര് പ്രസംഗിച്ചു.
ചെല്ലാനത്ത് പുത്തന്തോട് മുതലുള്ള കടല്ഭിത്തിയുടെ ശേഷിക്കുന്ന ഭാഗം പൂര്ത്തിയാക്കുന്നതിനും നിലവിലുള്ള ടെട്രാപോഡ് കടല്ഭിത്തി താഴുന്നുവെന്ന പരാതി പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കണം. തീരശോഷണം മറ്റു തീരങ്ങളിലും തീരപ്രകൃതിക്കുന്ന യോജിക്കുന്ന പ്രതിരോധമാര്ഗങ്ങള് സ്വീകരിക്കണം.
മുതലപ്പൊഴിയിലെ പ്രശ്നങ്ങള് ശാശ്വതമായി പരിഹരിക്കണം. മിഷന് സമുദ്ര പ്രതീക്ഷകള് നല്കുന്നുണ്ടെങ്കിലും പദ്ധതി സൃഷ്ടിക്കാവുന്ന സാമൂഹിക -പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് പഠനം നടത്തുകയും നിലനില്ക്കുന്ന സംശയങ്ങളും ആശങ്കകളും മത്സ്യത്തൊഴിലാളി സമൂഹങ്ങളുമായി നേരിട്ടു സംവദിച്ച് വ്യക്തവും സുതാര്യവുമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെആര്എല്സിസിയുടെ ജൂബിലിയുടെ പശ്ചാത്തലത്തില് പ്രേഷിതത്വം, വികസനം, വിമോചനം എന്നീ ലക്ഷ്യങ്ങളുമായി മുന്നേറുവാനും ജൂബിലിയോടനുബന്ധിച്ച് ദശവത്സര കര്മരേഖ പുറത്തിറക്കാനും തീരുമാനിച്ചു.
Kerala
പത്തനംതിട്ട: ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് ദളിത് കാത്തലിക് മഹാജന സഭ ആവശ്യപ്പെട്ടു.
ഭരണഘടനാ നീതി നിഷേധിക്കപ്പെട്ട ദളിത് ക്രൈസ്തവർ പതിറ്റാണ്ടുകളായി സമരമുഖത്താണ്.
കേന്ദ്ര ഗവൺമെന്റും കേരളത്തിൽ മാറിമാറി വരുന്ന സർക്കാരുകളും ദളിത് ക്രൈസ്തവരുടെ സാമൂഹ്യ നീതിയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുകയാണെന്നും സമിതി ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് ഷിബു ജോസഫ് അധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം ഉദ്ഘാടനം ചെയ്തു. ബീനാ ജേക്കബ്, വിജയൻ പാറശാല, ജോയി മാത്യു, ജോയി ജോർജ്, സിജിമോൾ മെറ്റിസ്, ത്രേസ്യാമ്മ,ബാബു ജോസഫ്, ബേബി. എം. ജെ. തോമസ് രാജൻ, ജയിംസ് തുടങ്ങിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വനസംരക്ഷണം, ജനപങ്കാളിത്തം, ആധുനിക സാങ്കേതിക വിദ്യ എന്നിവ ഏകോപിപ്പിച്ചു വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് ദീർഘകാല നയരേഖയായ ‘വിഷൻ 2031’ നടപ്പാക്കുമെന്നു മന്ത്രി ഷിബു ബേബി ജോണ് നിയമസഭയിൽ പറഞ്ഞു.
മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതു തടയുന്നതിനായി വന്യമൃഗങ്ങളെ കാട്ടിനുള്ളിൽത്തന്നെ നിലനിർത്തുക, വന്യജീവി ആക്രമണങ്ങളുടെ തീവ്രത ലഘൂകരിക്കുക എന്നിവയ്ക്കാണു സർക്കാർ മുൻഗണന നൽകുന്നത്.
മനുഷ്യ-വന്യജീവി സംഘർഷത്തെ തുടർന്നുണ്ടാകുന്ന മരണങ്ങൾ, പരിക്കുകൾ, കൃഷിനാശം എന്നിവയ്ക്കു വേഗത്തിലുള്ള നഷ്ടപരിഹാരവും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികളും സർക്കാർ വിഭാവനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കർഷകർക്ക് പലിശരഹിത വായ്പ പരിഗണിക്കും
വനമേഖലയിലെ കർഷകർക്ക് പലിശരഹിത വായ്പ നൽകുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നു മന്ത്രി ഷിബു ബേബി ജോണ്.
റിസർവ് ഫോഴ്സിനെ സജ്ജമാക്കും
വന്യമൃഗ ശല്യം നേരിടാൻ 500 പേരടങ്ങിയ റിസർവ് ഫോഴ്സിനെ താത്കാലികമായി സജ്ജമാക്കും. അഞ്ചു പേരടങ്ങിയ നൂറു ടീമുകളാക്കി ഇവരെ സംസ്ഥാനമാകെ വിന്യസിക്കും. ആദിവാസികൾക്കും കാടിനെക്കുറിച്ച് അറിവുള്ളവർക്കും ഇതിൽ മുൻഗണന നൽകും.
മുൻപ് 30, 40 ആനകൾ കൂട്ടമായി നാട്ടിലെത്തിയിരുന്നത് ഇപ്പോഴില്ല. ഇതിന്റെ കാരണവും പഠിക്കും. കെ. രാജന്റെ സബ്മിഷനു മന്ത്രി ഷിബു ബേബി ജോണ് മറുപടി നൽകി.
Kerala
തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കാൻ നടപടി കൈക്കൊള്ളണമെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ് ജോസഫ് ആവശ്യപ്പെട്ടു.
നിയമസഭയിൽ ബജറ്റിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്ന കാര്യം ബജറ്റിൽ ഉൾപ്പെടുത്തിയതു സ്വാഗതാർഹമാണ്.
പരമാവധി സ്കൂളുകൾക്ക് എയ്ഡഡ് പദവി ലഭ്യമാക്കാൻ നിയമങ്ങളിൽ ഭേദഗതി വരുത്തണം. ഉപാധിരഹിത പട്ടയം സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടാകണം.
ബജറ്റിൽ പരാമർശിച്ച മിഷൻ സമുദ്ര പതിനായിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പടുമെന്നും അപു ജോണ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ പിഎം ശ്രീയുടെ ഭാഗമാണെന്നും ഒരു കോൺഗ്രസ് സർക്കാരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസക്തമായ പ്രശ്നം കോൺഗ്രസ് നിലപാട് എന്താണെന്നുള്ളതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ല. പുതിയ സർക്കാർ പദ്ധതിയിൽ നയപരമായ തീരുമാനമെടുക്കണം. യുഡിഎഫ് സർക്കാർ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും പിണറായി വിജയൻ ചോദിച്ചു.
കേന്ദ്രം എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാനത്തിന് നൽകിയിട്ടുണ്ടോ എന്നും പിണറായി ചോദിച്ചു. പിഎം ശ്രീ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശശുദ്ധി യുഡിഎഫ് വിശദീകരിക്കമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി നടപ്പിലാവൂ എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
International
പാരീസ്: ലബനനിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടി ആവശ്യപ്പെട്ടു. ഹിസ്ബുള്ളയെ നിരായുധീകരിക്കണം.
ഇറാൻ-യുഎസ് സമാധാന ഉടന്പടി നാളെ ഔദ്യോഗികമായി ഒപ്പുവയ്ക്കാനിരിക്കേയാണ് ജി-7 നേതാക്കൾ ഇക്കാര്യം സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.
തെക്കൻ ലബനന്റെ നല്ലൊരുഭാഗം ഇസ്രേലി അധിനിവേശത്തിലാണ്. അവിടെനിന്ന് പിന്മാറില്ലെന്നാണ് ഇസ്രേലി നേതൃത്വം അറിയിച്ചിരിക്കുന്നത്.
ഇറാൻ ഉയർത്തുന്ന അണ്വായുധ ഭീഷണികളടക്കം മറികടക്കുന്നതിന് ചർച്ചകളാണ് വേണ്ടതെന്ന് ജി-7 നേതാക്കൾ നിർദേശിച്ചു. എണ്ണ, പ്രകൃതിവാതക വിഷയത്തിൽ ഹോർമുസ് കടലിടുക്കിനോടുള്ള ആശ്രിതത്വം കുറയ്ക്കാൻ മറ്റു വഴികൾ തേടും.
യുഎസും ഇറാനും തമ്മിലുള്ള കരാർ വ്യവസ്ഥകൾ നടപ്പാക്കുന്നതിനു ജി-7 ഗ്രൂപ്പിന്റെ സഹായമുണ്ടാകും. ഹോർമുസ് തുറന്നാൽ ബ്രിട്ടനും ഫ്രാൻസും നേതൃത്വം നല്കുന്ന സഖ്യം കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ സഹായിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ക്രൈസ്തവ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു സർക്കാരിന് സമർപ്പിച്ച ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ പുതിയ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു.
റിപ്പോർട്ടിലെ ശിപാർശകൾ മുൻഗണനാ ക്രമത്തിൽ നടപ്പിലാക്കുന്നതിന് സർക്കാർ തലത്തിൽ പ്രത്യേക സമിതി രൂപീകരിക്കണം. ഇതിന് സംസ്ഥാന ബജറ്റിൽ തുക വകയിരുത്തണം. സമിതി സമുദായനേതൃത്വവുമായി ചർച്ചകൾ നടത്തി മുൻഗണനാക്രമം നിശ്ചയിക്കണം.
വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം തയാറാക്കിയ റിപ്പോർട്ട് നിരവധി സമ്മർദങ്ങൾക്കും സമരങ്ങൾക്കും ശേഷമാണു പ്രസിദ്ധീകരിച്ചത്.
എല്ലാവിഭാഗം ജനങ്ങൾക്കും നീതി ലഭ്യമാക്കാൻ സർക്കാരിനു കടമയുണ്ട്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സാധാരണക്കാരുടെയും കർഷകരുടെയും ജീവിതപ്രശ്നങ്ങൾ തുറന്നുകാണിക്കുന്നതും പരിഹാരങ്ങൾ നിർദേശിക്കുന്നതുമാണ് -കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: അപകടകരമല്ലാത്ത വാഹന മോഡിഫിക്കേഷന് നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്.
ഇതുമായി ബന്ധപ്പെട്ട രൂപരേഖ അന്തിമമാക്കിയിട്ടില്ലെന്നും മോഡിഫിക്കേഷനുമായുള്ള ചര്ച്ചകള് നടക്കുന്നതേയുള്ളൂവെന്നും മന്ത്രി തിരുവനന്തപുരത്തു പ്രതികരിച്ചു.
സര്ക്കാര് യുവാക്കളെ കബളിപ്പിച്ചെന്ന് വിമര്ശിച്ചുള്ള ട്രോളുകള് ആസ്വദിക്കുന്നുണ്ടെന്നും സി.പി. ജോണ് തിരുവനന്തപുരത്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചലച്ചിത്ര മേഖലയുടെ ഉന്നമനത്തിനായി സമഗ്രമായ ചലച്ചിത്ര നയം നടപ്പാക്കുമെന്നു ഗവര്ണര്. കേരളത്തെ ഒരു ഷൂട്ടിംഗ് കേന്ദ്രമാക്കി ഉയര്ത്തുമെന്നും ഗവര്ണര് നയപ്രഖ്യാപനത്തില് പറഞ്ഞു.
ചലച്ചിത്ര നിര്മാണം, ആനിമേഷന്, വിഷ്വല് ഇഫക്ട്സ്, ഗെയ്മിംഗ്, ഡിജിറ്റല് മീഡിയ, കണ്ടന്റ് ക്രിയേഷന് ഇന്ഡസ്ട്രി എന്നിവ പ്രഫഷണലായി സജ്ജമാക്കിയ ഒറ്റ കാമ്പസില് കൊണ്ടുവരുന്നതിനു ഒരു മീഡിയ സിറ്റിയും ക്രിയേറ്റീവ് ഇന്ഡസ്ട്രീസ് ഹബ്ബും വികസിപ്പിക്കുമെന്നും ഗവര്ണര് പറഞ്ഞു.
പരമ്പരാഗത കലാരൂപങ്ങള്ക്കും കലാകാരന്മാരുടെ ക്ഷേമത്തിനുമായി സര്ക്കാര് പ്രത്യേക പദ്ധതികള് നടപ്പാക്കും. കല, സാഹിത്യം, സംസ്കാരം, നാട്ടറിവ്, ഗോത്ര സംസ്കാരം തുടങ്ങി വിലമതിക്കാനാകാത്ത പൈതൃക സമ്പത്തിനെ സംരക്ഷിക്കുന്നതിനു സംസ്ഥാന പ്ലാന് ഫണ്ട് വികസിപ്പിക്കും.
ഡിജിറ്റല് ക്രിയേറ്റീവ് ഇക്കോണമി വികസിപ്പിക്കുന്നതിനു സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തെ ആധുനിക ഡിജിറ്റല് സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കുമെന്നും ഗവര്ണര് പറഞ്ഞു.
Kerala
വിലങ്ങാട്: വിലങ്ങാട്, മുണ്ടക്കൈ ദുരന്തബാധിത മേഖലകളില് പ്രകൃതിദുരന്തം ഉണ്ടായപ്പോള് പല ആളുകളും പ്രസ്ഥാനങ്ങളും നിരവധി വീടുകള് വാഗ്ദാനം ചെയ്തെങ്കിലും വാക്കു പാലിച്ചത് കെസിബിസി മാത്രമാണെന്ന് കെസിബിസി പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല്.
വിലങ്ങാട് ഉരുള് ദുരിതബാധിതര്ക്കായി 70 വീടുകളുടെ നിര്മാണം പൂര്ത്തിയാക്കികൊണ്ടുള്ള കെസിബിസിയുടെ പുനരധിവാസ പ്രവര്ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും മഞ്ഞക്കുന്ന് സെന്റ് അല്ഫോൻസ പള്ളി അങ്കണത്തില് നിര്വഹിക്കുകയായിരുന്നു ആര്ച്ച്ബിഷപ്.
കെസിബിസി അധ്യക്ഷന് എന്ന നിലയില് പല ആളുകളും തന്നെ വിളിച്ച് നൂറുകണക്കിന് വീടുകളാണു വാഗ്ദാനം ചെയ്തത്. പിന്നീട് അവരാരും വിളിച്ചില്ല. കെസിബിസി നൂറുവീടുകള് നിര്മിക്കാമെന്നു പ്രഖ്യാപിച്ചു.
ആ വീടുകളുടെ നിര്മാണം സമയബന്ധിതമായി നടന്നുകൊണ്ടിരിക്കുകയാണ്. വിലങ്ങാട് 70 വീടുകൾ കാലതാമസമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞു. കെസിബിസിയുടെ ഈ നടപടി ജനങ്ങളോടും ദൈവത്തോടുമുള്ള പ്രതിബദ്ധതയാണെന്നും ഡോ. ചക്കാലയ്ക്കൽ പറഞ്ഞു.
എഴുപതാമത്തെ വീടിന്റെ താക്കോല് ദാനം തലശേരി ആര്ച്ച്ബിഷപ് മാര് ജോസഫ് പാംപ്ലാനി നിര്വഹിച്ചു. ടാസ്ക്ഫോഴ്സ് രൂപവത്കരണം താമരശേരി ബിഷപ് മാര് റെമീജിയോസ് ഇഞ്ചനാനിയിലും മേപ്പയൂര് സലാഫിയ കോളജ് അസോസിയേഷന് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂരും ചേര്ന്ന് നിര്വഹിച്ചു.
സിഒഡി പ്രസിഡന്റ് മോണ് . ഏബ്രഹാം വയലില്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല് ഫാ. തോമസ് തറയില്, കെസിബിസി ഡിസാസ്റ്റര് മിറ്റിഗേഷന് കമ്മിറ്റി അംഗവും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള് വെട്ടിക്കാട്ട്, കെഎസ്എസ്എഫ് ഡയറക്ടര് ഫാ. ജേക്കബ് മാവുങ്കല്, സിഒഡി ഡയറക്ടര് ഫാ. സായി പാറന്കുളങ്ങര, വാണിമേല് പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്നതും അത് കൃത്യമായി നിരീക്ഷിക്കുന്നതും സംബന്ധിച്ച വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ അഭിനന്ദനം.
കേരളത്തിൽ ഇത് മികച്ച സംവിധാനം ആണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മൊബൈൽ വഴി പോലീസ് സ്റ്റേഷനുകൾ സിസിടിവി കാമറയിലൂടെ തത്സമയം നിരീക്ഷിക്കാമെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കേരളത്തിലെ മികച്ച സംവിധാനം മറ്റ് സംസ്ഥാനങ്ങൾക്ക് എന്തുകൊണ്ട് പിന്തുടരാൻ കഴിയുന്നില്ലെന്നും ബെഞ്ച് ചോദിച്ചു. കേരളത്തിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാങ്ങളും പോലീസ് സ്റ്റേഷനിൽ കൃത്യമായി സിസിടിവി സംവിധാനം ഏർപ്പെടുത്തിയതായി കേസിലെ അമിക്കസ് ക്യൂറി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ഡേവ് വ്യക്തമാക്കി.
എങ്കിലും ജാർഖണ്ഡ് ഉൾപ്പെടെയുള്ള ചില സംസ്ഥാങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു.
രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി കാമറകളുടെ അഭാവം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച കേസിൽ സുപ്രീംകോടതി വാദം കേൾക്കുകയായിരുന്നു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കുന്പോൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു.
അതോടൊപ്പം ഇന്ത്യയിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിന് പാക് ബന്ധമുള്ള ചില ചാര സംഘടനകൾ സിസിടിവി കാമറകൾ ഉപയോഗിക്കുന്നു എന്ന സമീപകാല റിപ്പോർട്ട് വാദത്തിന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള എല്ലാ കാമറകളും മാറ്റി സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു എന്ന വാർത്തയും കോടതി ചൂണ്ടിക്കാട്ടി.
കാമറകൾ മാറ്റി സ്ഥാപിക്കുന്പോൾ സംസ്ഥാനങ്ങൾക്ക് എവിടെനിന്നു ഫണ്ട് ലഭിക്കുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ അത്തരമൊരു നിർദേശം കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ രാജ്കുമാർ ഭാസ്കർ താക്കറെ കോടതിയെ അറിയിച്ചു.
Kerala
കോട്ടയം: ക്രൈസ്തവ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ബിജെപി ഗൂഢാലോചനയാണു കേന്ദ്രസര്ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനു പിന്നിലെന്ന് ഫ്രാന്സിസ് ജോര്ജ് എംപി.
ബില്ല് അവതരണം സംശയത്തോടെ കാണുവാന് സാധിക്കുകയുള്ളുവെന്നും ഫ്രാന്സിസ് ജോര്ജ് പറഞ്ഞു.
ഇന്ത്യയില് സേവനരംഗത്തും ആതുര ശുശ്രൂഷാരംഗത്തും കൂടുതല് സ്ഥാപനങ്ങള് ഉള്ളത് ന്യൂനപക്ഷ വിഭാഗങ്ങള്ക്കാണ്. ഈ സ്ഥാപനങ്ങള്ക്ക് വിദേശത്തുള്ള ആളുകള് സഹായം നല്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരെ നിയന്ത്രിക്കുന്നതിനാണ് ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ സംഘടനകളുടെ പ്രവര്ത്തനത്തെ ഇല്ലാതാക്കാനെ പുതിയ ഭേദഗതി സഹായിക്കു. ബിജെപി ഗൂഢാലോചനയാണു ബില്ലിനു പിന്നിലെന്നും ഫ്രാന്സിസ് ജോര്ജ് കുറ്റപ്പെടുത്തി.
District News
പുല്ലാട്: മണ്ഡലത്തില് 2100 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയതെന്ന് എല്ഡിഎഫ് സ്ഥാനാര്ഥി വീണാ ജോര്ജ്. വികസന മുരടിപ്പില്നിന്നു വികസനക്കുതിപ്പിലേക്ക് മണ്ഡലത്തെ നയിക്കാന് കഴിഞ്ഞു. വികസന പ്രവര്ത്തനങ്ങള് തുടരാനാണ് വോട്ടുതേടുന്നതെന്നും കോയിപ്രം, തോട്ടപ്പുഴശേരി പഞ്ചായത്തുകളിലെ സ്വീകരണ പരിപാടികളില് വീണാ ജോര്ജ് പറഞ്ഞു.
പുല്ലാട് നോര്ത്ത്, തോട്ടപ്പുഴശേരി, കുറിയന്നൂര് മേഖലകളിലായിരുന്നു വീണാ ജോര്ജിന്റെ പര്യടനം. രാവിലെ പുല്ലാടുനിന്നായിരുന്നു പര്യടനം ആരംഭിച്ചത്. പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. 25 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. മോസ്കോയിലായിരുന്നു സമാപനം. എം.വി. സഞ്ജു, ചെറിയാന് സി. ജോണ്, ഡോ. പുണ്യ ചന്ദ്രന്, ടി.വി. സ്റ്റാലിന്, ആര്. അജയകുമാര്, വി.സി. അനില് കുമാര്, രാജു കടകരപ്പള്ളി, മാത്യു മരോട്ടില് മൂട്ടില്, ജോണ് വി തോമസ്, അനില് കുറ്റ്യാടി, പി.സി. സുരേഷ് കുമാര്, കെ.ഐ. ജോസഫ്, ചെറിയാന് ജോര്ജ് തമ്പു, സി.എസ്. മനോജ്, ടിം ടൈറ്റസ്, ആര്. ഡോണി, എം.ജി. സുകുമാരന് എന്നിവര് വിവിധ കേന്ദ്രങ്ങളില് പ്രസംഗിച്ചു. കുളനട, മെഴുവേലി പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം.
Kerala
തൃശൂർ: നന്നായി പഠിച്ച് ആർക്കും കുഴപ്പങ്ങളില്ലാതെയും മറ്റുള്ള സമുദായങ്ങളെ ഹനിക്കാതെയുമാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് ക്രൈസ്തവസമുദായത്തെക്കുറിച്ചും അവരുടെ അവസ്ഥയെക്കുറിച്ചും പഠിക്കാനായി നിയുക്തനായിരുന്ന ജസ്റ്റീസ് ജെ.ബി. കോശി.
കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് സർക്കാർ പറഞ്ഞതിൽ സന്തോഷമുണ്ട്. കാര്യങ്ങൾ കുറേയൊക്കെ നടപ്പാക്കുന്നുണ്ടെന്നും എല്ലാം നടപ്പാക്കുമെന്നു വിശ്വസിക്കാമെന്നും ജസ്റ്റീസ് ജെ.ബി. കോശി മാധ്യമങ്ങളോടു പ്രതികരിച്ചു.
കമ്മീഷനു റിപ്പോർട്ട് തയാറാക്കാൻ ധാരാളം വിവരങ്ങൾ തന്നു സഹായിച്ചത് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്താണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൃശൂർ: പാലോളി കമ്മീഷൻ വേഗത്തിൽ നടപ്പാക്കിയ സർക്കാർ ജെ.ബി. കോശി റിപ്പോർട്ടും വേഗത്തിൽ നടപ്പാക്കട്ടെയെന്ന് ആശിക്കുന്നതായും അഭ്യർഥിക്കുന്നതായും തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗൺസലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്.
കുട്ടികളുടെ മനഃശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവത്കരിക്കണമെന്നും കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ പി.ഷാജേഷ് ഭാസ്കർ, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാർഥി സംഘർഷത്തെത്തുടർന്ന് താമരശേരിയിലെ എംജെ എച്ച്എസ്എസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരിച്ചതു സംബന്ധിച്ച മാധ്യമവാർത്തയെത്തുടർന്ന് ബാലാവകാശ കമ്മീഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സ്കൂൾ കേവലം അക്കാദമിക പഠനകേന്ദ്രങ്ങൾ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്ന സംവിധാനമായാലേ കൗമാരക്കാരിലെ കുറ്റവാസന തടയാൻ സാധിക്കൂ.
കുട്ടികളുടെ മനസ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളർത്തുന്നതും ജീവിതനൈപുണ്യ പദ്ധതികൾ, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോൾ സുരക്ഷിതവും അർഥപൂർണവുമായ സമൂഹത്തെ വാർത്തെടുക്കാനാകും എന്ന് കമ്മീഷൻ നിരീക്ഷിച്ചു.
District News
തൃശൂർ: കെഎസ്ഇബിയിൽ ശന്പളപരിഷ്കരണ കരാറിന്റെ കാലാവധി അവസാനിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും പുതിയ കരാർ ഉണ്ടാക്കാനോ ശന്പളപരിഷ്കരണ നടപടികൾ ആരംഭിക്കാനോ മാനേജ്മെന്റ് തയാറാകാത്തതു തൊഴിലാളിവിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എ.എം. ഷിറാസ്.
ഫെഡറേഷൻ സുവർണജൂബിലി വർഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ജനറൽ ബോഡിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സി.ഡി. ജോമി അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ വൈസ് പ്രസിഡന്റ് പി.പി. ഷൈലിഷ്, സംസ്ഥാന ഭാരവാഹികളായ എം.സി. ആനന്ദൻ, വി. അനിൽകുമാർ, ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് സാലി, സി.എസ്. രമേഷ് കുമാർ, കെ.എസ്. മഹേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
മുൻകാലനേതാക്കളെ എഐ ടിയുസി ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.കെ. സുധീഷ് ആദരിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം ശിപാർശകളും നടപ്പിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം.
17 വകുപ്പുകൾ പൂർണമായി ശിപാർശ നടപ്പിലാക്കി. 220 ശിപാർശകളിലും ഉപശിപാർശകളിലും നടപടികൾ പൂർത്തിയായി.
ഏഴു ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നതിന് അതതു വകുപ്പുകൾ നടപടി സ്വീകരിച്ചു വരുന്നതായി യോഗത്തിൽ അറിയിച്ചു. കമ്മീഷൻ സമർപ്പിച്ച 284 ശിപാർശകളും 45 ഉപശിപാർശകളുമാണ് സംസ്ഥാന സർക്കാർ പരിഗണിച്ചത്.
നിലവിലെ നിയമങ്ങൾക്കു വിധേയമായി പരിഗണിക്കാൻ കഴിയുന്ന വിഷയങ്ങളിൽ വേഗത്തിൽ നടപടി പൂർത്തീകരിച്ചതായി മുഖ്യമന്ത്രി യോഗത്തിൽ വിലയിരുത്തി.
മറ്റു വകുപ്പുകളുമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുത്ത് കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. നടപ്പാക്കാൻ കഴിയാത്തവ അറിയിക്കാനും നടപ്പാക്കാനാവുന്നവ കാലതാമസം കൂടാതെ നടപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
Kerala
തിരുവനന്തപുരം: ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു ശിവൻകുട്ടി. ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബർ 19 ന് ലേബർ കോൺക്ലേവ് നടത്തും.
ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിക്കും. നൂറ് പേരെയാണ് കോൺക്ലേവിലേക്ക് പ്രതിനിധികളായി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോൺക്ലേവ് നാല് സെഷനുകളിലായിട്ട് നടക്കും. ലേബർ കോഡ് എങ്ങനെ തൊഴിലാളികളെ ബാധിക്കും, സംസ്ഥാനത്തിന് എത്രത്തോളം ഇതിൽ ഇടപെടാൻ സാധിക്കും തുടങ്ങിയ ചർച്ചകൾ കോൺക്ലേവിൽ നടക്കും. വിഷയത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്നും മന്ത്രി അറിയിച്ചു.
ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം നടന്നത് മന്ത്രി ചൂണ്ടിക്കാട്ടി. കറുത്ത ബാഡ്ജ് ധരിച്ചാണ് തൊഴിലാളികൾ സമരത്തിന്റെ ഭാഗമായത്. ചില സ്ഥാപനങ്ങൾ പ്രതിഷേധക്കാർക്ക് നോട്ടീസ് നൽകിയത് ശ്രദ്ധയിൽപ്പെട്ടു. ഒരു പ്രതിഷേധത്തിൽ പങ്കെടുത്തു, കറുത്ത ബാഡ്ജ് ധരിച്ചു എന്നതിന്റെ പേരിൽ കേരളത്തിൽ ഒരു തൊഴിലാളിയുടെ പേരിലും നടപടി സ്വീകരിക്കാൻ അനുവദിക്കില്ല. തൊഴിലാളികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേന്ദ്രം നടപ്പാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങളിലെ തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കേരളം ഒരു കാരണവശാലും നടപ്പാക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളും ട്രേഡ് യൂണിയൻ അവകാശങ്ങളും ദുർബലപ്പെടുത്തുന്ന ഒരു നീക്കവും സംസ്ഥാനം അനുവദിക്കില്ല.
തൊഴിൽനിയമങ്ങളുടെ ലളിതവത്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കണം. മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യം എന്നിവ ഉറപ്പാക്കാനാകും പ്രാമുഖ്യം നൽകുക.
കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്ന കാര്യം എല്ലാ ട്രേഡ് യൂണിയനുകൾ, വ്യവസായ മേഖല പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യും. നിലവിലുള്ളതോ പുതിയതോ ആയ വ്യവസ്ഥയൊന്നും കേരളത്തിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴിലവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചട്ടങ്ങളിൽ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.